മണ്ണാർക്കാട് ഉപജില്ല
പാലക്കാട് ജില്ലയുടെ വടക്കു പടിഞ്ഞാറൻ അതിർത്തിയിലുള്ള മണ്ണാർക്കാട് താലൂക്ക് മുഴുവനായും ഉൾക്കൊള്ളുന്നു. മണ്ണാർക്കാട് ബ്ലോക്ക്, അട്ടപ്പാടി ട്രൈബൽ ബ്ലോക്ക് എന്നിവ ഉൾക്കൊള്ളുന്നതാണീ പ്രദേശം. മണ്ണാർക്കാട് ബ്ലോക്കിൽ 10ഉം, അട്ടപ്പാടി ട്രൈബൽ ബ്ലോക്കിൽ 3ഉം ഗ്രാമപഞ്ചായത്തുകൾ ഉണ്ട്. മണ്ണാർക്കാട് ഉപജില്ലക്കുകീഴിൽ 13 ഗവ:യു.പി സ്‌കൂൾ, 16 എയിഡഡ് യു.പി സ്‌കൂൾ, 35 ഗവ:എൽ.പി സ്‌കൂൾ, 34 എയിഡഡ് എൽ.പി സ്‌കൂൾ, 9 അൺഎയിഡഡ് സ്‌കൂൾ എന്നിങ്ങനെ 107 പ്രൈമറിസ്‌കൂളുകളാണുള്ളത്. ഇതിൽ 21എണ്ണം (4 ഗവ:യു.പി സ്‌കൂൾ, 11 ഗവ:എൽ.പി സ്‌കൂൾ, 4 എയിഡഡ് എൽ.പി സ്‌കൂൾ, 2 അൺഎയിഡഡ് സ്‌കൂൾ) അട്ടപ്പാടി ട്രൈബൽ ബ്ലോക്കിലാണ്.
നെല്ലിപ്പുഴക്കും കുന്തിപ്പുഴക്കും ഇടയിലുള്ള മണ്ണാർക്കാട് പട്ടണം പ്രകൃതിസൌന്ദര്യത്താൽ അനുഗ്രഹീതമാണ്. സൈലന്റ് വാലി മഴക്കാടുകളും, അട്ടപ്പാടി-നൊട്ടൻമല മലനിരകളും ഈ പ്രകൃതിരമണീയതക്ക് മാറ്റുകൂട്ടുന്ന പ്രധാന ഘടകങ്ങളാണ്. കാഞ്ഞിരപ്പുഴ-ശിരുവാണി ഡാമുകൾ, പാത്രക്കടവ്-മീൻവല്ലം വെള്ളച്ചാട്ടങ്ങൾ, സൈലന്റ് വാലി ദേശീയോദ്യാനം തുടങ്ങിയവ ഈ മേഖലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളാണ്.
പാലക്കാട്-കോഴിക്കോട് ദേശീയപാതക്കഭിമുഖമായി സ്ഥിതിചെയ്യുന്ന മണ്ണാർക്കാട് ഉപജില്ല വിദ്യാഭ്യാസ ആഫീസ് 1992 മുതൽ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്നു.


